ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പ് നല്‍കുന്ന പിണറായി സ്വന്തം നാട്ടിലെ സംഭവവികാസങ്ങള്‍ കാണുന്നില്ല; നിയുക്ത മുഖ്യമന്ത്രിക്കെതിരെ കുമ്മനം
സ്വന്തം നാട്ടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ എങ്ങനെ കേരളത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും സമാധാനം കാത്തുസൂക്ഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പ് നല്‍കിക്കൊണ്ട് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പിണറായി സ്വന്തം നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും കാണുന്നില്ലെന്നും കുമ്മനം പറഞ്ഞു.
പിണറായിയുടെ നാട്ടില്‍ നടക്കുന്ന ആക്രമണ സംഭവങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നില്ല. സിപിഎം ആക്രമണം മറയ്ക്കാന്‍ അദ്ദേഹം ബിജെപിയില്‍ കുറ്റം ആരോപിക്കുകയാണ്. സംസ്ഥാനത്ത് സിപിഎം അക്രമം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറയാതെ ബിജെപിയെ മാത്രം കുറ്റപ്പെടുത്തുകയാണ് പിണറായിയെന്നും കുമ്മനം പറഞ്ഞു.
സ്വന്തം നാട്ടില്‍ ആക്രമണ സംഭവങ്ങള്‍ കാണാതെ പോകുന്നതിലൂടെ പിണറായിയുടെ രാഷ്ട്രീയ മുല്യച്യുതിയെയാണ് കാണിക്കുന്നത്. നാട്ടില്‍ മനുഷ്യാവകാശ ധ്വംസനം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് ഇരയാകുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുള്ള മനസെങ്കിലും പിണറായിക്കുണ്ടാകണം. കണ്ണൂരില്‍ അക്രമം നടക്കുന്നത് മറന്നുകൊണ്ടാണ് അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ ആക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.