ലീഗില്‍ ആയിരുന്നെങ്കില്‍ താന്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ല; ജനം കഴിവുകെട്ടവനെന്ന്‌ വിലയിരുത്തിയാലും അഴിമതി നടത്തില്ല- കെടി ജലീല്‍

ബുധന്‍, 25 മെയ് 2016 (21:17 IST)
മുസ്‌ലിം ലീഗിലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ലെന്ന്‌ നിയുക്‌ത തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെടി ജലീല്‍. ജനം കഴിവുകെട്ടവനെന്ന്‌ വിലയിരുത്തിയാലും ഒരിക്കലും അഴിമതിക്കാരനാകില്ല. കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കും അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ എല്‍ഡിഎഫ്‌ ഭരണത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി എകെ ആന്റണിയും രംഗത്തെത്തി. നിയുക്‌ത മുഖ്യമന്ത്രി എന്ന നിലയില്‍ എന്ന നിലയില്‍ പിണറായിയുടെ തുടക്കം കൊള്ളാം. എല്ലാ സമുദായങ്ങള്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്‌ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ ആന്റണിയും പറഞ്ഞു. പുതിയ സര്‍ക്കാരിന്‌ പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത്‌ മലര്‍ത്തിയടിച്ചതോടെയാണ്‌ കെടി ജലീല്‍ എന്ന പഴയ യൂത്ത്‌ ലീഗുകാരനെ കേരളം അറിഞ്ഞുതുടങ്ങിയത്‌. പിന്നീട്‌ തവനൂരില്‍ നിന്ന്‌ രണ്ട്‌ തവണ വിജയം നേടി ഇടതുമുന്നണിയുടെ മലപ്പുറത്തെ മുന്നണിപ്പോരാളിയായി. ഇത്തവണ വിജയം നേടിയപ്പോഴേ ജലീല്‍ മന്ത്രിയാകുമെന്ന്‌ ആളുകള്‍ വിധിയെഴുതിയിരുന്നു. ആ നിര്‍ണ്ണയത്തെ എല്‍ഡിഎഫ്‌ അംഗീകരിക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക