എന്ത് കാര്യത്തിനാണ് ഈ സമരമെന്ന് അറിയില്ല, സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും: ഗതാഗതമന്ത്രി

വെള്ളി, 3 ഫെബ്രുവരി 2017 (09:56 IST)
കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. എന്തു കാര്യത്തിനു വേണ്ടിയാണ് ഈ സമരമെന്ന് അറിയില്ല. സര്‍വീസ് മുടക്കിയുള്ള ഈ സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്യുക. ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വരുന്ന ഏഴാം തീയതി ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം, ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി ജീവനക്കാരുടെ മൂന്നു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 

വെബ്ദുനിയ വായിക്കുക