ശമ്പളം വൈകുന്നതില്‍ പ്രതിഷേധം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

വെള്ളി, 3 ഫെബ്രുവരി 2017 (08:31 IST)
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി ജീവനക്കാരുടെ മൂന്നു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അതിനാല്‍ സമരം ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. 
 
ശമ്പളവും പെൻഷനും വൈകുന്നതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 
 
പണിമുടക്ക് ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ ജീവനക്കാർ തീരുമാനിച്ചത്.
 

വെബ്ദുനിയ വായിക്കുക