ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായത് വൻ നഷ്ടം. കോർപറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ സാധാരണ റെയിൽവേ സ്റ്റേഷനുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും നേരെയായിരുന്നു എങ്കിൽ ഇത്തവണ പ്രതിഷേധം മുഴുവൻ കെഎസ്ആർടിസിക്ക് നേരെയായിരുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 18 ബസുകൾക്ക് സാരമായ തകരാർ സംഭവിച്ചു. 820 ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഓട്ടം നിർത്തി.