ഇന്ധനവിതരണ മേഖലയില്‍ ചുവടുറപ്പിച്ച് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇന്ധനം നല്‍കിയതിലൂടെയാണ് ഇത്. ഇതില്‍ 25.53 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതില്‍ നിന്ന് 4.81 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ ലഭിച്ചത് നേട്ടമാണ്. 2022 ഏപ്രില്‍ മുതല്‍ ഡീസല്‍ വില വര്‍ദ്ധനവ് കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റുകള്‍ വഴി ബസ്സുകള്‍ക്ക് ഇന്ധനം ലഭ്യമാക്കിയതിലൂടെ സാധിച്ചു.
മുതല്‍മുടക്കില്ലാതെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന 'KSRTC Re-structure 2.0' പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇന്ധനവിതരണ മേഖലയില്‍ കടന്നത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്നതുപോലെ ഇന്ധന വിതരണ രംഗത്തും ചുവടുറപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2021 സപ്തംബറിലാണ് ആദ്യത്തെ യാത്രാഫ്യുവല്‍സ് ഔട്ട്ലെറ്റ് തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 യാത്രാഫ്യുവല്‍സ് ഔട്ട്ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാര്‍, കിളിമാനൂര്‍, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, മാവേലിക്കര, തൃശൂര്‍, ഗുരുവായൂര്‍, തിരുവനന്തപുരം വികാസ് ഭവന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകള്‍.