കെ റെയില്‍ പഠനത്തിന് കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കും, നിയമ തടസമില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ഏപ്രില്‍ 2022 (17:24 IST)
കെ റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ട് സംഘങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പടുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. എന്നാല്‍ സാമൂഹ്യ ആഘാത പഠന ആവശ്യത്തിനാണ് കല്ലിടല്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണം. പാരിസ്ഥിതിക ആഘാത പഠനവും സര്‍വെയുമൊക്കെ കഴിഞ്ഞായിരിക്കും അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുക. 
 
ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോള്‍ തന്നെ ബാങ്കുകളുടെ കടം തീര്‍ക്കാന്‍ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കുയാണെങ്കില്‍ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍