ആദിവാസികളുടെ നില്‍പ്പ് സമരത്തിനൊപ്പം സുധീരനും; സമരം അവസാനിപ്പിക്കും
തിങ്കള്‍, 3 നവംബര്‍ 2014 (17:33 IST)
മാസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നില്‍പ്പ് സമരം നടത്തുന്ന ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സമരപ്പന്തലിലെത്തി.
ഞായറാഴ്ച സമരപന്തലിലെത്തിയ സുധീരന്‍ ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ സമരം ഉടന്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഈ വിഷയം മുഖ്യമന്ത്രിയോടം ഉപസമിതി ചെയര്‍മാനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെനേരം സമരപന്തലില്‍ ചെലവഴിച്ച് മടങ്ങിയ സുധീരന് ആദിവാസി ഗോത്രസഭ നേതാവ് സികെ ജാനു നന്ദി പറഞ്ഞു.
ശിശു മരണവും പട്ടിണി മരണവും തുടരുന്ന അട്ടപ്പാടിയില്‍ കാര്‍ഷിക പദ്ധതികളും ആദിവാസി ഗ്രാമനിയമവും നടപ്പിലാക്കുക, ആദിവാസി ഊര് ഭൂമി സംരക്ഷിയ്ക്കാന്‍ പട്ടിക വര്‍ഗനേഖല പ്രഖ്യാപിയ്ക്കുക, മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുരധിവാസവും ഉറപ്പാക്കുക, ആറളം ഫാമിലെ വിഷമാലിന്യ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കുക, വേടന്‍ ഗോത്രവര്‍ഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.