നിയമസഭ തെരഞ്ഞെടുപ്പില്‍ കെ പി എ സി ലളിത മത്സരിക്കില്ല. എന്നാല്‍, ഭയന്നല്ല പിന്മാറ്റമെന്നും സിനിമാതിരക്കുകളും ആരോഗ്യപ്രശ്നങ്ങളുമാണ് പിന്മാറ്റത്തിന് കാരണമെന്നും ലളിത വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും തീരുമാനം പാര്‍ട്ടിയെ അറിയിച്ചുവെന്നും ലളിത വ്യക്തമാക്കി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വവും ജില്ല നേതൃത്വവും രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍ അമ്പതോളം വരുന്ന സി പി എം, ഡി വൈ എഫ് ഐ അംഗങ്ങള്‍ കെ പി എ സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ വേറെയുണ്ടെന്നും നൂലില്‍ കെട്ടിയിറക്കിയ താരസ്ഥാനാര്‍ത്ഥി വേണ്ടെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു പ്രതിഷേധപ്രകടനം.
കെ പി എ സി ലളിതയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു തന്നെ ലളിതയ്ക്കെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ അല്ല പതിച്ചതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം ഞായറാഴ്ച വൈകുന്നേരം ലളിത മണ്ഡലത്തില്‍ എത്താനിരിക്കേ ആയിരുന്നു രാവിലെ പ്രതിഷേധപ്രകടനം.