ഏതു വിധേനയും മാണിയെ രക്ഷിച്ചെടുക്കും; ബാര്‍ കോഴക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി
വ്യാഴം, 12 ഏപ്രില്‍ 2018 (16:03 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ പി സതീശനെ മാറ്റി. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് സതീശനെ നീക്കം ചെയ്തു കൊണ്ടുള്ള ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പിട്ടു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോർട്ട്.
ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് പരസ്യമായി നിലപാട് സ്വകീരിച്ച വ്യക്തിയാണ് സതീശന്. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ ഇന്ന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സതീശനെ തൽസ്ഥാനത്തുനിന്നു മാറ്റിയത്.
മാണിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുന്ന ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. സതീശനാണ് വിജിലന്‍സിനു വേണ്ടി ഇന്ന് ഹാജരായത്. ഇതിനെ വിജിലന്‍സ് നിയമോപദേശകന് പിസി അഗസ്റ്റിന് എതിര്‍ത്തു. തുടർന്നു വിഷയത്തിൽ കോടതി ഇടപെടുകയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും ചോദിച്ചു.
അഭിഭാഷകരുടെ കാര്യത്തിൽ സർക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
അതേസമയം, പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് സതീശന് പ്രതികരിച്ചു. കേസില്‍ യുക്തമായ നിലപാട് ആണ് സ്വീകരിച്ചത്. ആര് അഴിമതി കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം. ജൂണ്‍ ആറിന് തന്റെ നിലപാട് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഴിമതിക്കാര്ക്കൊപ്പമാണൊ എന്ന് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടനെയായിരുന്നു ബാർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെപി സതീശനെ നിയമിച്ചത്.