കോഴിക്കോട് കുറ്റ്യാടിയില്‍ കടയ്ക്കു നേരെ ബോംബേറ്; മൂന്നു പേര്‍ക്ക് പരുക്ക്

വെള്ളി, 13 നവം‌ബര്‍ 2015 (12:21 IST)
കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് സ്ഫോടനം. നാദാപുരം കലാപവുമായി ബന്ധപ്പെട്ട് 12 വര്‍ഷം മുമ്പു നടന്ന ബിനു വധക്കേസിലെ പ്രതി നിസാറിന്റെ കടയ്ക്ക് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍, സ്ഫോടനത്തില്‍ കടയുടെ ഒരു ഭാഗം തകരുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ മൂന്നു പേരുടെയും നില അതീവ ഗുരുതരമാണ്. 
 
നിസാര്‍, കടയില്‍ നിസാറിന്റെ സഹായി ആയിരുന്ന അബ്‌ദുള്ള, മറ്റൊരു വഴിപോക്കന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയ്ക്ക് നേരെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനു ശേഷം അക്രമികള്‍ നിസാരിനെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു.
 
രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മഞ്ചാടി ഫാന്‍സി ഫുട്‌വെയേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് മൂന്നു തവണയാണ് ബോംബേറുണ്ടായത്. സ്‌ഫോടനം നടന്ന സമയം കട തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.
 
നാദാപുരം കലാപവുമായി ബന്ധപ്പെട്ട 12 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് ഇത് വിലയിരുത്തുന്നത്. അന്ന്, സി പി എം പ്രവര്‍ത്തകനായ ബിനുവിനെ, കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ആയിരുന്നു നിസാര്‍. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ നാദാപുരത്ത് കട നടത്തി വരികയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക