കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിയ പ്രതി പൊലീസിനെ ആദ്യം വിളിക്കുന്നത് പരാതിക്കാരന്‍ എന്ന നിലയില്‍ ആയിരുന്നെന്ന് എഡിജിപി എം.ആര്‍.അജിത്ത്കുമാര്‍. തന്നെ ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്നു എന്ന് പറഞ്ഞാണ് സന്ദീപ് ആദ്യം പൊലീസ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചത്. പൊലീസ് ഇയാളെ കണ്ടെത്തുന്നത് പരുക്കേറ്റ നിലയിലാണ്. അങ്ങനെയാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചതെന്നും എഡിജിപി പറഞ്ഞു. സന്ദീപ് പ്രതിയായിരുന്നെന്നും പൊലീസ് ഇയാളെ വിലങ്ങ് അണിയിക്കാതെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നേരത്തെ മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് വിശദീകരണം.
'പുലര്‍ച്ചെ ഒന്നര മണിക്ക് പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഒരു കോള്‍ വരികയാണ്. പ്രതിയായ സന്ദീപാണ് വിളിച്ചത്. ആളുകള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയാണ് എന്നുപറഞ്ഞാണ് കോള്‍ വന്നത്. ആ കോള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും അത് നൈറ്റ് പട്രോളിങ് വിഭാഗത്തിനു കൈമാറുകയും ചെയ്തു. നൈറ്റ് പട്രോളിങ്ങില്‍ ഉണ്ടായിരുന്ന എ.എസ്.ഐ. ടെലിഫോണിലേക്ക് വിളിച്ചപ്പോള്‍ അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതുകൊണ്ട് ഇയാളെ ലൊക്കേറ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നീട് മൂന്നര മണിക്ക് ശേഷം 112 ലേക്ക് ഒരു കോള്‍ വരികയും അത് വീണ്ടും നൈറ്റ് പട്രോളിങ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ അയാളുടെ ലൊക്കേഷന്‍ കിട്ടി. അങ്ങനെ ഇയാളെ ചിലര്‍ ചേര്‍ന്ന് ആക്രമിക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നൈറ്റ് പട്രോളിങ് ടീം അവിടെ പോകുന്നത്. അയാള്‍ സ്വന്തം വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നില്ല. മറ്റൊരു വീടിന്റെ ഭാഗത്താണ് ഇയാള്‍ ഉണ്ടായിരുന്നത്. ഒരു വടിയുമായാണ് ഇയാള്‍ നില്‍ക്കുന്നുണ്ടായിരുന്നത്. പരിസരത്ത് പക്ഷേ നാട്ടുകാരും ഉണ്ടായിരുന്നു. ഇയാള്‍ക്ക് പരുക്കുകളും പറ്റിയിരുന്നു. എന്നെ ഇവരെല്ലാം കൊല്ലാന്‍ വരുന്നു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പിന്നീട് പൊലീസും അയാളുടെ തന്നെ അവിടെ ഉണ്ടായിരുന്ന ഒരു ബന്ധുവും ചേര്‍ന്ന് ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റി. അയാളെ നേരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി,'
'അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷിച്ചു. അപ്പോഴൊന്നും കുഴപ്പമൊന്നും ഇല്ലായിരുന്നു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡ്രസ് ചെയ്യാനും എക്‌സറേ എടുക്കാനുമായി ഡ്രസ്സിങ് റൂമിലേക്ക് മാറ്റുന്നു. ഡ്രസ്സിങ്ങിനായി ബെഡില്‍ കിടത്തിയ സമയത്താണ് ഇയാള്‍ പെട്ടന്ന് വയലന്റ് ആകുന്നത്. ആ സമയത്ത് ഇയാളുടെ ബന്ധുവും അയല്‍വാസിയും അടുത്തുണ്ട്. ആദ്യം ബന്ധുവിനെ ചവിട്ടുകയാണ് ചെയ്തത്. പിന്നീട് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ആക്രമിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാള്‍ ആദ്യം കുത്തുന്നത്. ഹോം ഗാര്‍ഡിനെ കുത്തിയ ശേഷം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്ഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന എ.എസ്.ഐ.യെ കുത്തി. പിന്നീട് നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തി. ഈ സമയത്ത് മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. ഡോ.വന്ദനയ്ക്ക് അവിടെ നിന്ന് മാറാന്‍ താമസിച്ചില്ല. പെട്ടന്ന് ആക്രമിക്കപ്പെടുകയായിരുന്നു.' എഡിജിപി എം.ആര്‍.അജിത്ത്കുമാര്‍ പറഞ്ഞു.