മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന ഭാഗത്ത് തൂണുകളില്‍ ഉയര്‍ത്തി(വയഡക്റ്റ്) ദേശീയപാത നിര്‍മിക്കാന്‍ തീരുമാനം. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിനോട് കരാര്‍ കമ്പനിയായ കെഎന്‍ആര്‍സിഎല്‍ എം ഡി നരസിംഹ റെഡ്ഡി നേരിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 6 മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു.
നിലവില്‍ തകര്‍ന്നിരിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയ ശേഷം മാത്രമെ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുകയുള്ളു. മണ്ണ് പരിശോധന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയര്‍ത്തി പാത നിര്‍മിക്കാന്‍ കണ്‍സള്‍ട്ടന്റും കരാര്‍ കമ്പനിയും തീരുമാനിച്ചതെന്ന് എം ഡി വിശദമാക്കി. ഈ ശുപാര്‍ശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്നത് ലക്ഷ്യമായിരുന്നു. എന്നാല്‍ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കുമാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാല്‍ മണ്ണിട്ടുയര്‍ത്തിയ അടിത്തറയ്ക്ക് വീതി കൂട്ടുന്നതില്‍ പരിമിതിയുണ്ടായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
കണ്‍സള്‍ട്ടന്‍സി പ്രതിനിധികളും കരാര്‍ എടുത്തിരിക്കുന്ന വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടര്‍മാരും തിരുവനന്തപുരത്തെത്തിയ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിനെ കണ്ടിരുന്നു. 20 പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തത്. ഇതില്‍ പറവൂര്‍- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം,തുറവൂര്‍- പറവൂര്‍ റീച്ചുകളിലെ നിര്‍മാണം വൈകുന്നത് ചര്‍ച്ചയായി.