കൂടത്തായിക്ക് പിന്നാലെ കൂടം; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് പൊലീസ്

ചിപ്പി പീലിപ്പോസ്

ശനി, 26 ഒക്‌ടോബര്‍ 2019 (16:00 IST)
കൂടത്തായി കൊലപാതക പരമ്പരയ്ക്ക് ശേഷം വാർത്തകളിൽ ശ്രദ്ധേയമായി തിരുവനന്തപുരം കൂടത്തെ കൂട്ടമരണം. തിരുവനന്തപുരത്ത് കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
കരമന സ്വദേശികളായ ജയമാധവന്‍റെയും ജയപ്രകാശിന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന പരാതിയെ തുടർന്നാണ് കേസ് പൊലീസ് ഏറ്റെടുത്ത് അന്വോഷണമാരംഭിച്ചിരിക്കുന്നത്. നിലവിൽ ഈ രണ്ട് പേരുടെ മരണത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ ബന്ധുവിന്റേതാണ് പരാതി. 
 
മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് ഉയരുന്ന ആരോപണം. ഈ കുടുംബത്തിൽ അവസാനമുണ്ടായ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലാണ് കരമനയിലെ കൂടം (കൂടത്തിൽ) എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. 
 
ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇതിൽ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് രണ്ടുപേരും മരിച്ചതെന്നാണ് എല്ലാവരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
 
2017ൽ ജയമാധവൻ മരിക്കുന്നതിന് മുമ്പാണ് ജയപ്രകാശിന്‍റെ മരണം. ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍