എക്കാലത്തും മുസ്ലിം ലീഗിനൊപ്പം നിന്ന മണ്ഡലമാണ് കൊണ്ടോട്ടി. കന്നിയങ്കക്കാരനായ ടി വി ഇബ്രാഹീമാണ് മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫിനായി രംഗത്തുള്ളത്. സ്വതന്ത്രസ്ഥാനാര്‍ഥിയായ കെ പി ബീരാന്‍കുട്ടിയിലൂടെ ചരിത്രം തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇരുമുന്നണികള്‍ക്കും വന്‍ പ്രതീക്ഷയാണ് കൊണ്ടോട്ടി നിയോജക മണ്ഡലം നല്‍കുന്നത്.
പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ മുഹമ്മദുണ്ണി ഹാജിക്ക് പകരക്കാരനായെത്തിയ ടി വി ഇബ്രാഹിം പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെ തുണക്കുമെന്നും കഴിഞ്ഞ തവണത്തെ ഇരുപത്തിയെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനാകുമെന്നുമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നത് യു ഡി എഫിന് അത്ര എളുപ്പമുള്ള കാര്യമല്ല.
മണ്ഡലത്തില്‍ ശക്തമായ പ്രചാരണം കാഴ്ചവക്കുന്നുണ്ട് ഇടതുസ്വതന്ത്രനായ കെ പി ബീരാന്‍കുട്ടി. കോണ്‍ഗ്രസും ലീഗും തമ്മിലെ പോര് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയായിരുന്നു. ഇത് വോട്ടാക്കിമാറ്റാമെനാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ വികസനപ്രശ്നങ്ങളും ഇടതുമുന്നണി ഉന്നയിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം എന്‍ ഡി എക്ക് പ്രതീക്ഷ നല്‍കുന്നു. ബി ജെ പി ജില്ലാ പ്രസിഡന്‍റ് കെ രാമചന്ദ്രനാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്..