കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളംതെറ്റാൻ കാരണമായത് പാളത്തിലെ വിള്ളലല്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ. കുറെകാലമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഘർഷണം മൂലം ചക്രങ്ങൾ അമിതമായി ചൂടായി പാളത്തിൽ കുരുങ്ങിയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നതായും റയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. പാളത്തിലെ വിള്ളൽമുതൽ അട്ടിമറിവരെയുള്ള സംശയങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ പ്രകാശ് ഭൂട്ടാനി വ്യക്തമാക്കി.
അതേസമയം, ഇന്നലെ മുതല്‍ റയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. തീവണ്ടികള്‍ അനിശ്ചിതമായി വൈകിയോടിയതോടെ ജനം വലഞ്ഞു. വൈകുന്നേരത്തോടെ ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. പലരും കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലാണ് യാത്ര തുടര്‍ന്നത്. ഇന്ന് ഉച്ചയോടെ റയില്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു