പരവൂര്‍ ദുരന്തം: മൽസരക്കമ്പം നടന്നത് കരാറുകാരനായ സുരേന്ദ്രന്റെ പിടിവാശി മൂലമാണെന്ന് മൊഴി
ശനി, 16 ഏപ്രില്‍ 2016 (08:38 IST)
ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരനായ സുരേന്ദ്രൻ കരിമരുന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായതെന്ന് ക്രൈംബ്രാഞ്ചിനു മൊഴി. ക്ഷേത്രം ഭാരവാഹികളായ ഏഴു പ്രതികളുടെ മൊഴികളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരിമരുന്ന് തിരികെ കൊണ്ടുപോകണമെന്നും മൽസരവെടിക്കെട്ടിന് അനുമതിയില്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും സുരേന്ദ്രൻ തയാറായില്ലെന്നാണു പ്രതികള്‍ മൊഴി നല്‍കിയത്.
മൽസരക്കമ്പമാണ് ലക്ഷ്യമിട്ടെതങ്കിലും നിരോധനത്തിന് ശേഷം ആചാരവെടിക്കെട്ടിന് എ ഡി എം അനുമതി നൽകി. ഇതിനെ തുടർന്ന് മൽസരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തങ്ങള്‍ തരാമെന്നും സാധനങ്ങൾ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ തവണത്തെ വിജയിയായ വർക്കല കൃഷ്ണന്‍ കുട്ടിയക്കൊണ്ട് ആചാരവെടിക്കെട്ട് നടത്താനും ദേവസ്വം തീരുമാനിച്ചു. എന്നാൽ വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാൻ മറ്റുമാർഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിക്കുമെന്നും സുരേന്ദ്രൻ വാശി പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് പുറ്റിങ്ങൽ ദേവിക്ഷേത്രത്തിലെ വെടിക്കെട്ട് മൽസരമൊഴിവാക്കാന്‍ കഴിയാതിരുന്നതെന്ന് പ്രതികളായ ഏഴ് ക്ഷേത്ര ഭാരവാഹികളും ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു.
ഇതിനെതുടര്‍ന്നാണ് വെടിക്കെട്ട് മൽസരമായി മാറിയതെന്നും വന്‍ ദുരന്തത്തിൽ കലാശിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കി. കൃഷ്ണൻ കുട്ടിയുടെ കമ്പത്തിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ കമ്പവും ആരംഭിച്ചത്. ഉടൻ തന്നെ കമ്പപ്പുരയ്ക്ക് തീപിടിക്കുകയും വലിയ ദുരന്തമായി മാറിയെന്നുമാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന മൊഴി. മൽസരവെടിക്കെട്ടിൽ നിന്ന് പിൻമാറാൻ ഒരു കരാറുകാരൻ തയ്യാറാകാത്തത് പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതരവീഴ്ചയായി കാണക്കാക്കും.
ദുരന്തത്തെ തുടര്‍ന്ന് കരാറുകാരനായ സുരേന്ദ്രന്‍ ഉള്‍പ്പടെ 113 പേര്‍ മരണത്തിനു കീഴടങ്ങുകയും 350ല്‍ പരം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിസര പ്രദേശങ്ങളൊന്നും തന്നെ പഴയ സ്ഥിതിയിലേക്കെത്തിയിട്ടില്ല. രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഇപ്പോളും പ്രദേശത്ത് അനുഭവപ്പെടുന്നത്.