മൃതദേഹം സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍; ചുരുളഴിഞ്ഞ് മറ്റൊരു കൊലപാതകം

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (14:21 IST)
കൊല്ലം ഏരൂരില്‍ രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെത്തി. സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ ഒന്നരമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. 
 
സഹോദരനും അമ്മയും ചേര്‍ന്നാണ് ഷാജി പീറ്ററെ കൊലപ്പെടുത്തിയതെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇവരുടെ വീടിനു സമീപത്ത് തന്നെയാണ് മൃതദേഹം കുഴിച്ചിട്ടത്. വീട് ഒറ്റപ്പെട്ട സ്ഥലത്ത് ആയിരുന്നതനാല്‍ കൊലപാതകം രഹസ്യമായി വയ്ക്കാന്‍ പ്രതികള്‍ക്ക് സാധിച്ചു. 

ഏകദേശം രണ്ടര വര്‍ഷത്തോളമായി ഷാജിയെ കാണാതായിട്ട്. ചോദിക്കുന്നവരോടെല്ലാം സജിനും അമ്മയും പറഞ്ഞിരുന്നത് ഷാജി മലപ്പുറത്ത് ജോലിക്ക് പോയി എന്നാണ്. കൊലപാതകത്തിനു ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്നാണ് ഷാജിയുടെ മൃതദേഹം കുഴിച്ചിട്ടത്. ഈ മൃതദേഹം എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാലമത്രയും കൊലപാതകം രഹസ്യമാക്കിവച്ചു. 
 
ബന്ധുവിന്റെ വെളിപ്പെടുത്തല്‍
 
ഈ കുടുംബത്തിലെ ഒരു ബന്ധു വഴിയാണ് കൊലപാതക രഹസ്യം പൊലീസ് അറിയുന്നത്. കൊല്ലം ഏരൂരിലെ വീട്ടില്‍ താമസിക്കാന്‍ ഈ ബന്ധു എത്തിയിരുന്നു. അങ്ങനെയാണ് സജിനില്‍ നിന്നും അമ്മ പൊന്നമ്മയില്‍ നിന്നും കൊലപാതക രഹസ്യം അറിയുന്നത്. പത്തനംതിട്ട സ്വദേശിയാണ് ഇയാള്‍. ബന്ധു വീട്ടില്‍ നിന്ന് കൊലപാതകരഹസ്യം അറിഞ്ഞ ഇയാള്‍ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ അതീവ രഹസ്യവും നിര്‍ണായകവുമായ വിവരം ഡിവൈഎസ്പിയോട് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 
മദ്യപിച്ചിരുന്നതിനാല്‍ ആദ്യം പൊലീസ് ഇയാളെ വകവച്ചില്ല. എന്നാല്‍ ഇയാളുടെ നിരന്തരമായ ആവശ്യപ്രകാരം പൊലീസ് ചെവികൊടുക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഷാജി സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ കൊല്ലപ്പെട്ടതാണെന്നും മാതാവും സഹോദരനും കൂടി മൃതദേഹം കിണറിനു സമീപം കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പത്തനംതിട്ട പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് ഷാജിയുടെ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഭിച്ച വിവരങ്ങള്‍ സത്യമാണെന്നാണ് പൊലീസ് പറയുന്നത്.
 
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയ ആള്‍ പൂര്‍ണമായി മദ്യപിച്ച് ബോധരഹിതനായിരുന്നതിനാല്‍ വൈകുന്നേരം വരെ ഇയാളെ കൂടെ ഇരുത്തിയാണ് പൊലീസ് വിവരം ശേഖരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഷാജിയുടെ ബന്ധുവാണ് ഇയാള്‍. ഷാജി സ്വപ്നത്തില്‍ വന്ന് താന്‍ മരിച്ചിട്ടും എന്തുകൊണ്ടാണ് ബന്ധുക്കള്‍ അന്വേഷിക്കാത്തതെന്ന് പരാതി പറയുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്ക് പൊലീസ് ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. അതിനുശേഷം അടുത്തിരുത്തി ഓരോ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തനംതിട്ട പൊലീസ് വിവരങ്ങള്‍ ഏലൂര്‍ പൊലീസുമായി പങ്കുവയ്ക്കുകയായിരുന്നു.   
 
മരണത്തിലേക്ക് നയിച്ചത്
 
അവിവാഹിതനായ ഷാജി പീറ്റര്‍ വീട്ടില്‍ നിന്നു അകന്നു കഴിയുകയായിരുന്നു. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. 
 
സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article