'അവര്‍ എന്നെ കാര്‍ട്ടൂണ്‍ കാണിച്ചു'; പ്രതികളെ പിടിക്കാന്‍ നിര്‍ണായകമായത് കുട്ടിയുടെ മൊഴി, ലാപ് ടോപ് ഐപി വെച്ച് പൊലീസിന്റെ പഴുതടച്ച അന്വേഷണം

വെള്ളി, 1 ഡിസം‌ബര്‍ 2023 (20:14 IST)
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഒരേ കുടുംബത്തിലെ മൂന്ന് പേരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് റെജിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് കസ്റ്റഡിയിലുള്ള പ്രതി പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവ് റെജിയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുകയാണ്. 
 
കസ്റ്റഡിയിലായവര്‍ മുന്‍പ് തന്നെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ എല്ലാ പഴുതുകളും അടച്ച ശേഷം പിടികൂടാമെന്ന പദ്ധതിയായിരുന്നു പൊലീസിന്. കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് മനസിലായതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ കേരളത്തിനു പുറത്ത് കടക്കാന്‍ ശ്രമിക്കുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. പൊലീസിന്റെ റഡാറില്‍ നിന്നുകൊണ്ട് തന്നെയാണ് പ്രതികള്‍ കേരളം വിട്ടതും ഒടുവില്‍ തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായതും. 
 
തട്ടിക്കൊണ്ടു പോകലിന് ഇരയായ ആറു വയസുകാരിയുടെ മൊഴിയാണ് അതിവേഗം പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. തട്ടിക്കൊണ്ടു പോയ ശേഷം ഒരു ഓടിട്ട വീട്ടിലാണ് തന്നെ താമസിപ്പിച്ചതെന്നും തനിക്ക് ലാപ് ടോപ്പില്‍ കാര്‍ട്ടൂണ്‍ വെച്ചു തന്നെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. ഏത് കാര്‍ട്ടൂണാണ് അവര്‍ വെച്ച് തന്നതെന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഈ കാര്‍ട്ടൂണിന്റെ യുട്യൂബ് ലിങ്ക് എടുത്ത ശേഷം കുട്ടി പറഞ്ഞ സമയത്ത് ഈ കാര്‍ട്ടൂണ്‍ പ്ലേ ചെയ്ത ലാപ് ടോപ്പിന്റെ ഐപി നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഇതില്‍ നിന്ന് ലാപ് ടോപ് ഉടമയിലേക്ക് അന്വേഷണം നീളുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കുകയെന്ന പ്രതികളുടെ അതിബുദ്ധി തന്നെയാണ് ഒടുവില്‍ വിനയായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍