അമിത്​ ഷാ വന്നതിന് പിന്നാലെ സംസ്ഥാനത്ത്​ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു; പി മോഹനനെതിരേ നടന്നത് വധശ്രമം - കോടിയേരി

വെള്ളി, 9 ജൂണ്‍ 2017 (16:17 IST)
ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷാ കേരളത്തിൽ സന്ദർശനം നടത്തിയത്​ ശേഷം സംസ്ഥാനത്ത്​ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

അമിത്​ ഷാ കേരളത്തിൽ വന്നതിന് ശേഷം സിപിഎമ്മിന്റെ കേരളത്തിലെ ഇരുപതോളം ഓഫീസുകൾക്ക് നേരെ ആർഎസ്എസ് ആക്രമണം നടത്തി. ബിജെപിയുടെയും ആർഎസ്എസിന്റെ കരുതി കൂട്ടിയുള്ള പ്രകോപനത്തില്‍ സിപിഎം  പ്രവര്‍ത്തകര്‍ വീഴരുതെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട് നടന്ന ആക്രമണത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണ്. സിപിഎമ്മിനെ ഭയപ്പെടുത്തി കാര്യങ്ങൾ നടത്താമെന്ന് ആർഎസ്എസ് കരുതേണ്ട. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബ് ആക്രമണം ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാനായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

കേരളം കലാപ ഭൂമിയാക്കി മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമം. അമിത് ഷാ ഇഫക്‍ടാണ് ഇപ്പോള്‍ കേരളത്തിലെ അക്രമസഭവങ്ങള്‍ക്ക് കാരണം. ഡൽഹിയിൽ എകെജി സെന്ററിൽ സീതാറാം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണ്. ഫസൽ ​വധക്കേസിൽ സുബീഷി​​ന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം നടത്ത​ണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തെറ്റ്​ പറ്റിയെന്ന്​ സമ്മതിക്കാൻ സിബിഐ തയാറാവണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക