തദ്ദേശ തെരഞ്ഞെടുപ്പ്: ജനാഭിപ്രായം തേടാന്‍ സിപിഎം നീക്കം

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (09:25 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി പ്രകടനപത്രിക തയ്യാറാക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ സിപിഎം ശ്രമം നടത്തും. പ്രകടനപത്രിക തയ്യാറാക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ പെട്ടികള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മലബാര്‍ മേഖലകളില്‍ ഇത് ആരംഭിച്ചുകഴിഞ്ഞുവെന്നും മറ്റു ഭാഗങ്ങളിലും ഇത് ഉടന്‍ ആരംഭിക്കണമെന്നും സംസ്ഥാനസമിതിയില്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയും അഭിപ്രായം സ്വീകരിക്കും. പ്രാദേശിക തലത്തില്‍ വിജയ സാധ്യത നോക്കിയും പാര്‍ട്ടി നിലപാട് അനുസരിച്ചും സഖ്യങ്ങള്‍ ഉണ്ടാക്കും. വിജയസാധ്യത നോക്കി വേണം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനെന്നും സി പി എം സംസ്ഥാന സമിതി നിര്‍ദേശിച്ചു. സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും. മൂന്നാര്‍ സമരം, എസ് എന്‍ ഡി പി വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമായ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ അംഗീകാരം ലഭിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നതിനാണ് സി പി എം ശ്രമിക്കുന്നത്. പെട്ടികള്‍ സ്ഥാപിച്ച് അഭിപ്രായം സ്വരൂപിക്കുന്നതിനു പുറമേ പ്രാദേശിക തലങ്ങളിലെ പ്രമുഖവ്യക്തികളുടെ അഭിപ്രായം പ്രത്യേകമായും തേടും. പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്നോടിയായി വീണ്ടും ജനകീയചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം.

കൂടാതെ; കോണ്‍ഗ്രസ്സും ബിജെപിയുമൊഴികെയുള്ള പാര്‍ട്ടികളുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ നീക്കുപോക്കുകളാകാമെന്നും. കോണ്‍ഗ്രസുമായും യുഡിഎഫുമായും തെറ്റിനില്‍ക്കുന്നവരെയും കൂടെ നിര്‍ത്താനും സഖ്യം ചേരുന്നതിനും കുഴപ്പമില്ല. എന്നാല്‍ വര്‍ഗ്ഗീയകക്ഷികളുമായി സഹകരിക്കേണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.