കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലം, സഭയെ അവഹേളിക്കുന്നു; തെളിവുണ്ടെങ്കിൽ ഫ്രാങ്കോ രക്ഷപെടില്ലെന്ന് കോടിയേരി

വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (10:15 IST)
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുരുദേശപരമായിട്ടാണ് കന്യാസ്ത്രീകൾ സമരം നടത്തിവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. 
 
ഇപ്പോൾ നടക്കുന്നത് സമര കോലാഹലമാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള സമരമെന്നും കോടിയേരി പറഞ്ഞു. സഭയെ അവഹേളിക്കുന്ന തരത്തിലാണ് കന്യാസ്ത്രീകളുടെ സമരമെന്നും കോടിയേരി പറയുന്നു. അന്വേഷണം പൂർത്തിയായാലുടൻ നടപടിയുണ്ടാകുമെന്നും. തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടാണ് അന്വേഷണ സംഘം മുന്നോട്ടു വെയ്ക്കുന്നത് എന്നാണ് വിവരം. ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായും വിവരമുണ്ട്. 
 
ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പൊലീസ് സേനയെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിന്യസിക്കും. അറസ്റ്റുണ്ടായാല്‍ ഉയരാന്‍ ഇടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് കൂടുതൽ മുൻ കരുതലുകൾ പോലീസ് സ്വീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍