വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ ജോസ് തെറ്റയില്‍, ജനം ഒന്നും മറക്കില്ലെന്ന് സിപിഎം, ജനതാദള്‍ വെട്ടില്‍ !
വെള്ളി, 26 ഫെബ്രുവരി 2016 (17:27 IST)
ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ അങ്കമാലി എം എല്‍ എ ജോസ് തെറ്റയിലിനെ ഇനി സ്ഥാനാര്‍ഥിയാക്കരുതെന്ന് ജനതാദളിനോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഒരു യുവതിയുമൊത്തുള്ള തെറ്റയിലിന്റെ വീഡിയോ സംസ്ഥാനത്താകമാനം പ്രചരിച്ച സാഹചര്യത്തിലാണ് സി പി എം ഇത്തരം ഒരു ആവശ്യം ജനതാദളിനോട് ഉന്നയിച്ചത്.
എന്നാല്‍ തനിക്ക് സീറ്റ് അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് തെറ്റയില്‍ ജനതാദള്(യു)വിനു മുന്നറിയിപ്പ് നല്‍കി. അങ്കമാലി മണ്ഡലത്തില്‍ കുറെയേറെ കുടുംബ വോട്ടുകള്‍ ഉള്ളത് കൊണ്ട് തെറ്റയിലിനെ പിണക്കുന്നത് പാര്‍ട്ടിക്ക് ഗുണമാകില്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ചു.
ലൈംഗിക വിവാദത്തെ തുടര്‍ന്ന് ജോസ് തെറ്റയില്‍ കുറേക്കാലം ഒളിവിലായിരുന്നു. അതിനു ശേഷം ശക്തമായി തന്നെ അദ്ദേഹം അങ്കമാലിയില്‍ പൊതുരംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഈ ഒരു സാഹചര്യത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന തത്രപ്പാടിലാണ് പാര്‍ട്ടിയും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസും.
എന്നാല്‍ താന്‍ വീണ്ടും മത്സരിക്കുമെന്നും വിവാദകാലങ്ങളിലെല്ലാം തനിക്ക് ശക്തമായ പിന്തുണ നല്‍കിയ വി എസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രചാരണത്തിനെത്തുകയും വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് തെറ്റയില്‍.