ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ഫേസ്‌ബുക്ക് പരാമർശം: മന്ത്രി കെ സി ജോസഫ് പുതിയ സത്യവാങ്ങ്മൂലം സമർപിച്ചു

ചൊവ്വ, 1 മാര്‍ച്ച് 2016 (11:44 IST)
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ആക്ഷേപകരമായ ഫേസ്‌ബുക്ക് പരാമര്‍ശത്തില്‍ കോടതീയലക്ഷ്യ നടപടികൾ നേരിടുന്ന മന്ത്രി കെ സി ജോസഫ് പുതിയ സത്യവാങ്മൂലം സമർപിച്ചു. ഇന്ന് മൂന്ന് മണിക്ക് കോടതിയിൽ ഹാജാരാകാനിരിക്കെയാണ് മന്ത്രി പുതിയ സത്യാവാങ്ങ് മൂലം സമർപ്പിച്ചത്.

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ നടത്തിയ പരാമര്‍ശമാണ്  ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. മുന്‍മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ പരിഗണനാവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായി ‘അമികസ്ക്യൂറി’മാരെ നിയമിക്കണമെന്നും ജസ്റ്റിസ്  അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വ  ജനറലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കോടതി കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങളത്തെുടര്‍ന്നാണ് ഫേസ്‌ബുക്കില്‍ മന്ത്രി ജഡ്ജിക്കെതിരെ പോസ്റ്റിട്ടത്.

ജഡ്ജിക്കെതിരായ പരാമർശം കോടതീയലക്ഷ്യമാവുമെന്ന് തനിക്ക് അറിയില്ലായിരുന്നു. കോടതിയെ താഴ്ത്തിക്കെട്ടണമെന്ന് ഉദ്ദേശിച്ചല്ല അങ്ങിനെ ചെയ്തത്. അത് അവിചാരിതമായി സംഭവിച്ച് പോയതാണ്. തനിക്ക് മാപ്പ് നൽകണമെന്നും കെ സി ജോസഫ് ആവർത്തിച്ചു. കെ സി ജോസഫ് നിരുപാധിക ഖേദം പ്രകടിപ്പിച്ചെങ്കിലും മന്ത്രി നേരിട്ട് ഹാജരാകണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിക്കും ജഡ്ജിക്കുമെതിരായ ഫേസ്‌ബുക്ക് പരാമര്‍ശങ്ങള്‍ കുട്ടിക്കളിയല്ലെന്നും പൊതുപ്രവര്‍ത്തകരായ മന്ത്രിമാരില്‍നിന്ന് ഇത്തരം നടപടികളുണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വി ശിവന്‍കുട്ടി എം എല്‍ എ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്കത്തെിയത്.

വെബ്ദുനിയ വായിക്കുക