വ്യക്തിവിരോധം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഏഴു ദിവസം ജയിലിൽ തടവിലിട്ട് പീഡിപ്പിച്ചത്? മുഖ്യമന്ത്രിയെ തള്ളി ഷാജഹാൻ

ചൊവ്വ, 11 ഏപ്രില്‍ 2017 (13:33 IST)
മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി കെഎം ഷാജഹാൻ. ഷാജഹാനോട് തനിയ്ക്ക് വ്യക്തിവൈരാഗ്യം ഇല്ലെന്നും ഉണ്ടെങ്കിൽ അത് നേരത്തേ ആകാമായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാണ് ഷാജഹാൻ പൂർണമായും നിഷേധിക്കുന്നത്.
 
തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വ്യക്തിവിരോധം തന്നെയെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഷാജഹാൻ‍.  വ്യക്തിവിരോധമല്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസം ജയിലില്‍ തടവിലിട്ട് പീഡിപ്പിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു. എന്താണ് കാരണങ്ങളെന്ന് വിശദമായി പിന്നീട് പറയാമെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
അറസ്റ്റ് ചെയ്തതിന് പിന്നില്‍ വ്യക്തിവിരോധം തന്നെയാണ് കാരണം. ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാൻ പറയുന്നു. ഷാജഹാനെ വിട്ടയച്ചതില്‍ സന്തോഷമുണ്ടെന്നും ജാമ്യം കിട്ടിയതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നെന്നും അമ്മ എല്‍ തങ്കമ്മ പറഞ്ഞു.
 
ഷാജഹാനടക്കം ഡിജിപി ആസ്ഥാനത്ത് നിന്ന് പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കും തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. 15,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിനെ കുറിച്ച് പുറത്ത് ചര്‍ച്ച ചെയ്യരുതെന്നും ജില്ല വിട്ട് പോകരുതെന്നുമാണ് ഉപാധികള്‍.

വെബ്ദുനിയ വായിക്കുക