കേസ് അട്ടിമറിക്കാനാണ് മാണി അധികാരത്തില്‍ തുടരുന്നത്: കോടിയേരി
തിങ്കള്‍, 30 മാര്‍ച്ച് 2015 (12:54 IST)
ബാര്‍ കോഴ കേസ് അട്ടിമറിക്കാനാണ് ധനമന്ത്രി കെഎം മാണി അധികാരത്തില്‍ തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്‌ണന്‍. മുഖ്യമന്ത്രി കെഎം മാണിയാണ് കേസ് അട്ടിമറിക്കാന്‍ മാണിയെ സഹായിക്കുന്നത്. അഴിമതിക്ക് കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്നും കേടിയേരി പറഞ്ഞു.
മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ സഭയിലെ പ്രധാന സ്ഥാനം വഹിക്കുന്ന ഒരാള്‍ തന്നെ ആരോപണം ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്. മാണിക്കെതിരായുള്ള വിജിലന്‍സ് അന്വേഷണം നടക്കുന്നത് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. നിയമാനുസൃതമായിട്ടില്ല ഇതുവരെയുള്ള അന്വേഷണം നടന്നതെന്നും കേടിയേരി വ്യക്തമാക്കി. മന്ത്രിസഭയിലെ അംഗത്തിനെതിരെ അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് ബജറ്റ് വിറ്റ മന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് എംഎല്‍എമാരുള്ള കെഎം മാണിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ആരോപണം ഉന്നയിച്ച ബാര്‍ ഉടമസ്ഥരെ ശരിയായ രീതിയില്‍ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം ധൈര്യം കാണിച്ചിട്ടില്ല. കേസ് അട്ടിമറിച്ചു കൊണ്ടിരിക്കുകയാണെന്നതിന് മുഖ്യ തെളിവാണ് നിലവിലെ സാഹചര്യമെന്നും കേടിയേരി പറഞ്ഞു.