മാണിക്കെതിരായ ബാര്‍കോഴ കേസ്; വിഎസ് കക്ഷി ചേരും

വ്യാഴം, 9 ജൂലൈ 2015 (10:13 IST)
ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യൂതാനന്ദന്‍ കക്ഷി ചേരും. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ കസ് അവസാനിപ്പിക്കാവൂ എന്നാണ് വിഎസിന്റെ വാദം.  മാണിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വി.എസ്. കേസില്‍ കക്ഷി ചേരുന്നത്.

അതേസമയം, ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ മതിയായ തെളിവില്ളെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ല. അദ്ദേഹം പണം ആവശ്യപ്പെട്ടതിനോ ബാർ ഉടമകൾ പണം നൽകിയതിനോ ആവശ്യമായ തെളിവുകൾ കണ്ടെത്താനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ കേസെടുക്കാൻ വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അന്വേഷണത്തിലെ പ്രതികൂല കണ്ടത്തെലുകളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

സാഹചര്യതെളിവുകള്‍ മാണിക്ക് അനുകൂലമല്ലാത്തതിനാല്‍ കോടതിയുടെ നിലപാട് കേസില്‍ നിര്‍ണായകമാകും. കേസില്‍ വി.എസ്. കക്ഷി ചേരുന്നതോടെ നടപടികള്‍ അവസാനിപ്പിക്കുക എളുപ്പമാകില്ല. മാത്രമല്ല, കേസിലെ പരാതിക്കാരനായ ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണയിലുണ്ട്.

വെബ്ദുനിയ വായിക്കുക