കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: കടുത്ത നിയമലംഘനം നടന്നു

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (11:11 IST)
ക്ലാസിനിടെ സഹപാഠിയോടു സംസാരിച്ചതിനു കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ കടുത്ത നിയമലംഘനമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. കുട്ടികളോട് ഉണ്ടാകാന്‍ പാടില്ലാത്ത ശിക്ഷാ നടപടികളും പെരുമാറ്റവുമുണ്ടായി. കുടപ്പനക്കുന്ന് പാതിരപ്പളളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ സംബന്ധിച്ച രേഖകളൊന്നും വിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമല്ല. 
 
സ്കൂളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ല. വീടിനോടു ചേര്‍ന്ന ഷെഡിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അച്ചടക്ക നടപടികള്‍ അവശ്യമാണെന്നും കൂടുതല്‍ പരിശോധനകള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
യുകെജി വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ നാലു മണിക്കൂര്‍ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയിന്മേല്‍ കുടപ്പനക്കുന്ന് പാതിരപ്പളളി ജവഹര്‍ ഇംഗിഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് ശശികലയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം അധ്യാപിക ദീപികയാണ് ഇങ്ങനെ ശിക്ഷിച്ചതെന്നു കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക