കെവിന്റെ കൊലപാതകം; എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ സ്റ്റേ

Webdunia
വെള്ളി, 31 മെയ് 2019 (10:16 IST)
കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായ എസ്.ഐ ഷിബുവിനെ സര്‍വീസില്‍ എടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചു. വിഷയത്തിൽ പ്രതിഷേധമറിയിച്ച് കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. 
 
എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തത് പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. അതേസമയം, ഷിബുവിനെ തിരിച്ചെടുക്കുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞത്. ജൂനിയര്‍ എസ്.ഐയായി തരംതാഴ്ത്തി തിരികെ എടുക്കാനായിരുന്നു തീരുമാനം. 
 
ഷിബുവിനെതിരെ അച്ചടക്ക നടപടി പിന്‍വലിച്ച് സര്‍വീസില്‍ തിരികെ എടുത്തുകൊണ്ട് എറണാകുളം റേഞ്ച് ഐജിയാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയി ഷീബു ജോലിയിലിരിക്കെ ഒരു കൊല്ലം മുമ്പാണ് കെവിന്‍ കൊല്ലപ്പെട്ടത്.
 
കൊല്ലപ്പെടുന്നതിന് തലേദിവസം കെവിന്‍ നീനുവിനോടൊപ്പം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അഭയം തേടി എത്തിയിരുന്നു. നീനുവിനെ വിവാഹം കഴിച്ചതിന്റെ രേഖകളുമായെത്തിയ കെവിനെ സ്റ്റേഷനില്‍ വെച്ച് ഷിബു മര്‍ദിച്ചെന്നും നീനുവിനെ ബലംപ്രയോഗിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article