കേരളത്തിലെ അടച്ച ബാറുകള്‍ തുറക്കുമെന്ന അപ്രഖ്യാപിത ധാരണ സി പി എം ഉണ്ടാക്കിയിട്ടുണ്ടെന്ന് വി എം സുധീരന്‍

ബുധന്‍, 6 ഏപ്രില്‍ 2016 (12:28 IST)
സംസ്ഥാനത്തെ അടച്ച ബാറുകള്‍ തുറക്കുമെന്ന അപ്രഖ്യാപിത ധാരണ സി പി എം ബാര്‍ മുതലാളിമാരുമായി ഉണ്ടാക്കിയിട്ടുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യവര്‍ജ്ജനമാണ് എല്‍ ഡി എഫ് ലക്‌ഷ്യം വെയ്ക്കുന്നതെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സുധീരന്‍ ഇങ്ങനെ പറഞ്ഞത്.
 
മദ്യനയം സര്‍ക്കാര്‍ വളരെ വിജയകരമായ രീതിയില്‍ നടപ്പാക്കിയതാണ്. ഇതിന്റെ ഗുണകരമായ മാറ്റം ഗാര്‍ഹിക രംഗത്തും പൊതുരംഗത്തും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം 24.87 ശതമാനമായി കുറഞ്ഞു. മദ്യം ഉപയോഗിച്ചതു മൂലം ഉണ്ടാകുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു. ലോകം അംഗീകരിച്ചതാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും തമിഴ്‌നാട്ടില്‍ മദ്യനിരോധനം ആണ് തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
 
മദ്യലോബിയും സി പി എം ലോബിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിലെ അടച്ച ബാറുകള്‍ തുറക്കുമെന്ന അപ്രഖ്യാപിതമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. മദ്യലോബിയുടെ താല്പര്യങ്ങള്‍ സി പി എമ്മിന്റെ കൈയില്‍ സുരക്ഷിതമാണെന്നും സുധീരന്‍ പറഞ്ഞു.
 
അതേസമയം, പിണറായി വിജയന്‍ സുധീരനെതിരെ നടത്തിയ വ്യക്തിപരമായ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്, എന്ത്, എങ്ങനെ എന്നത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു സുധീരന്റെ മറുപടി.
 
സംസ്ഥാന കാബിനറ്റ് നേരത്തെയെടുത്ത ഹോപ് പ്ലാന്റേഷനുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചെന്നും റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്നും സുധീരന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക