ന്യൂനമര്‍ദ്ദ പാത്തിയും ചക്രവാതചുഴിയും; സംസ്ഥാനത്ത് മഴ തുടരും

രേണുക വേണു

ചൊവ്വ, 25 ജൂണ്‍ 2024 (15:37 IST)
മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി  ഇടി / മിന്നല്‍ / കാറ്റ് എന്നിവയോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂണ്‍ 25) മുതല്‍ ജൂണ്‍ 27 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
25-06-2024 മുതല്‍ 27-06-2024 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിലും, 25-06-2024 മുതല്‍ 29-06-2024 വരെ കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (25-06-2024)  വൈകുന്നേരം 05.30 മുതല്‍ നാളെ (26-06-2024) രാത്രി 11.30 വരെ 2.1  മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.  
 
കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ (26-06-2024) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
 
ജാഗ്രത നിര്‍ദേശങ്ങള്‍
 
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
 
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
 
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍