സ്വകാര്യ ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഗതാഗത മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 26 മാര്‍ച്ച് 2022 (21:10 IST)
സ്വകാര്യ ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
 
ബസുടമകളുമായും ബന്ധപ്പട്ട മറ്റെല്ലാവരുമായും ചര്‍ച്ച ചെയ്താണ് ചാര്‍ജ് വര്‍ദ്ധനവ് തത്വത്തില്‍ അംഗീകരിച്ചത്. ബസുടമസംഘടനാ പ്രതിനിധികള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ സന്നദ്ധനാണെന്നു മന്ത്രി പറഞ്ഞു.
 
ബസ് ചാര്‍ജിനോടൊപ്പം ഓട്ടോ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ബസുടമകള്‍ അവസാനത്തെ സമരായുധം ആദ്യം തന്നെ പ്രയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ പരീക്ഷയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍മാറണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍