മണി മ്യൂള്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (20:52 IST)
ഇന്ന് ധാരാളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നിലവിലുണ്ട്. അതില്‍ പ്രധാനമായും തൊഴില്‍പരമായ തട്ടിപ്പുകള്‍ ആണ് നടക്കുന്നത്. അത്തരത്തില്‍ ധാരാളം യുവാക്കള്‍ തട്ടിപ്പിനിരയായി കൊണ്ടിരിക്കുകയാണ് മണിമ്യൂള്‍ വഴി. ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി ആണെന്ന് പറഞ്ഞു യുവാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ഗൂഗിള്‍ പേയും അക്കൗണ്ടിംഗ് ഡീറ്റെയില്‍സ് ചോദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കാനും ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലഭിക്കുന്ന പണം ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും പിന്നീട് ഇവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് മറ്റൊരു അക്കൗണ്ടിലേക്കും കൈമാറുന്നു. എന്നാല്‍ തട്ടിപ്പിന്റെ ഇടനിലക്കാരായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല. 
 
തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. തട്ടിപ്പ് നടത്തുകയാണെന്ന് അറിയാതെ ഇതൊരു ജോലിയായി ചെയ്യുന്ന ധാരാളം യുവാക്കള്‍ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. ഓരോ ഇടപാടിനും നല്ലൊരു തുക കമ്മിഷനായും ഇവര്‍ക്ക് ലഭിക്കുന്നു.  ആദ്യമെ തങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഇടയ്ക്കു വെച്ച് നിര്‍ത്തി പോകാനും സാധിക്കില്ല. ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന തൊഴിലിലായ്മയാണ് ഇത്തരത്തിലുളള തൊഴിലുകളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നതിന് കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍