June 30, Kerala News Live Updates: ഇന്ന് ജൂണ്‍ 30, 2025 ലെ ആറ് മാസങ്ങള്‍ പൂര്‍ത്തിയാകുന്നു. പുതിയ വര്‍ഷത്തിലേക്ക് ആറ് മാസങ്ങള്‍ കൂടി..! ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ തത്സമയം അറിയാം:
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ട് വരെ
സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ജൂലൈ മൂന്നിനു മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.
നാല് മുതല്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
ഗുരുവായൂര്‍ ദേവസ്വം ക്ലര്‍ക്ക് പരീക്ഷ
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലര്‍ക്ക് (കാറ്റഗറി നം01/2025), തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ജൂലൈ 13 ന് ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in.
'ജാനകി' എന്ന പേരിനു എന്താണ് കുഴപ്പം? സെന്‍സര്‍ ബോര്‍ഡിനോടു കോടതി
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെ.എസ്.കെ) പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോടു ചോദ്യങ്ങളുമായി ഹൈക്കോടതി. 'ജാനകി' എന്ന പേര് മാറ്റണമെന്നു നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിനോടു ആവശ്യപ്പെട്ടു. Read More
സ്വന്തം വണ്ടികളുമായി കെ.എസ്.ആര്‍.ടി.സി
പുതിയ രൂപത്തിലുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തേക്കു പുതിയ കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരവ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. 2018ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്.
വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. Read More
കേരള പൊലീസിന്റെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖര്‍
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയോഗിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുക. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.
തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അനീഷ കുറ്റകൃത്യത്തെ കുറിച്ച് പൊലീസിനോടു വെളിപ്പെടുത്തി. ശുചിമുറിയില്‍ പ്രസവിച്ചത് യുട്യൂബ് നോക്കിയാണെന്ന് അനീഷ മൊഴി നല്‍കി. ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചതിനാല്‍ പല കാര്യങ്ങളും അനീഷയ്ക്കു അറിയാമായിരുന്നു. Read More
ഇന്ന് മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് പൊതുവെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ജൂലൈ മൂന്ന് മുതലാണ് ഇനി മഴ മുന്നറിയിപ്പുള്ളത്.
ജോസ് കെ മാണി കടുതുരുത്തിയിലേക്ക്
ഇടതുമുന്നണിയില്‍ തുടരാന്‍ തീരുമാനിച്ച കേരള കോണ്‍ഗ്രസ് (എം) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു. ജോസ് കെ.മാണി ഇത്തവണ മത്സരിക്കുക കടുതുരുത്തി നിയമസഭാ മണ്ഡലത്തില്‍. പിതാവും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ കെ.എം.മാണി പ്രതിനിധാനം ചെയ്തിരുന്ന പാല മണ്ഡലം ജോസ് ഉപേക്ഷിക്കും. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ കടുതുരുത്തിയില്‍ ജയസാധ്യതയുണ്ടെന്ന് കണ്ടാണ് ജോസ് കെ.മാണി പാലായില്‍ നിന്ന് മാറുന്നത്. Read More
മാധ്യമ വാര്‍ത്തകളെ തള്ളി പി.ജയരാജന്‍
ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കണം: സിപിഎം
സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയതയും പിടിമുറുക്കുന്നതായി സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേട്ടം കൊയ്യുക തീവ്ര വലതുപക്ഷ ശക്തികളായ സംഘപരിവാര്‍ ആണെന്നും സിപിഎം. പുരോഗമന നിലപാട് ഉയര്‍ത്തിപിടിച്ച് ഇടതുപക്ഷം മുന്നോട്ടു പോകുമ്പോള്‍ സംഘപരിവാറിനെ പോലെ സംസ്ഥാനത്തെ ന്യൂനപക്ഷ വര്‍ഗീയ നിലപാടുള്ളവരും നിഷേധാത്മകമായി നില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനു ഗുണം ചെയ്യില്ല Read More