മുഖ്യമന്ത്രിയുടെ ശക്തമായ നിര്‍ദേശം, വാക്ക് പാലിച്ച് ഡിജിപി; ഹനാനെ ചീത്തവിളിച്ചവരെല്ലാം കുടുങ്ങും - വിവരങ്ങള്‍ അതിവേഗം ശേഖരിച്ച് സൈബര്‍ സെല്‍

വെള്ളി, 27 ജൂലൈ 2018 (16:33 IST)
കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിത പ്രതിസന്ധികള്‍ തരണം ചെയ്‌ത ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി.  ഹൈടക് സെല്ലും സൈബര്‍ ഡോമും സംയുക്തമായാണ് അന്വേഷിക്കുക. ഡി ജി പി ലോക്‍നാഥ് ബെഹ്‌റയുടെ നിര്‍ദേശവും പൊലീസിന് ലഭിച്ചു.

ഹനാന് സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി എറണാകുളം ജില്ലാ കളക്‍ടര്‍ക്ക് നിര്‍ദേശം നല്‍കി. കേസിൽ സൈബർ സെൽ പ്രാധമിക വിവരശേഖരണം ആരംഭിച്ചതായും റിപോർട്ട് ഉടൻ ലഭിക്കുമെന്നും ഡിജിപി അറിയിച്ചു.

ഹനാനുമായി ബന്ധപ്പെട്ട പോസ്‌റ്റുകളും കമന്റുകളും കൂടുതലായി കാണപ്പെടുന്ന ഫേസ്‌ബുക്ക് പേജുകളും വാട്സ്ആപ്പ് കൂട്ടായ്‌മകളും പൊലീസ് നിരീക്ഷണത്തിലാണ്.

കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്റെ കഥ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിനു പിന്നാലെ എതിര്‍പ്പും ശക്തമാകുകയായിരുന്നു. ഹനാന്‍ നടത്തിയിരുന്ന മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയായിരുന്നുവെന്നും പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നുമാണ് ഒരു വിഭാഗം പേരുടെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍