ഐഎൻഎൽ പിളർന്നു: പരസ്‌പരം പുറത്താക്കി ഇരുവിഭാഗവും

ഞായര്‍, 25 ജൂലൈ 2021 (17:40 IST)
എൽഡിഎഫ് ഘടകകക്ഷികളിലൊന്നായ ഇന്ത്യൻ നാഷണൽ ലീഗ്(ഐഎൻഎൽ) പിളർന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബും അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി ചേർന്ന യോഗത്തിന് ശേഷമാണ് ഇരുനേതാക്കളും പരസ്‌പരം പുറത്താക്കിയതായി അറിയിച്ചത്.
 
കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം കാസിം വിഭാഗം അബ്ദുള്‍ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്ന് അവകാശപ്പെട്ടു. 
 
നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പ്രസിഡന്റായി തിരെഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാര്‍ട്ടില്‍നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. അതേസമയം മുസ്ലീം ലീഗാണ് ഐഎൻഎലിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതെന്ന് ഇരുവിഭാഗവും ആരോപിച്ചു. രാവിലെ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗവും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകയോഗം ചേർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍