മഴയുടെ ശക്തി കുറഞ്ഞു, ഇനി ജീവിതം ഒന്നിൽ നിന്ന് കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിലേക്ക്. പ്രളയത്തെ തുടർന്ന് സംസ്ഥാനത്താകെ 11,000 വീടുകളാണു തകർന്നത്. ഇതിൽ 699 എണ്ണം പൂർണമായും 10,302 എണ്ണം ഭാഗികമായും തകർന്നു. 26 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങി.
പ്രളയക്കെടുതിയിൽ ഒലിച്ചുപോയതു 2.80 ലക്ഷം കർഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ്. വീടുകളുടെയും കാർഷിക മേഖലയുടെയും നഷ്ടം ഏതാണ്ട് 1100 കോടി രൂപ വരും. ഇത് അനുമാനം മാത്രമാണ്. കൃത്യമായ വിലയിരുത്തലിന് ശേഷം മാത്രമേ ശരിയായ നഷ്‌ടം തിട്ടപ്പെടുത്താൻ കഴിയൂ.
ശുചീകരണത്തിനും വീടുകൾ വാസയോഗ്യമാക്കുന്നതിനുമായി 40,000 പൊലീസുകാർ രംഗത്തിറങ്ങും. അറുപതിനായിരത്തിലേറെപ്പേരെ രക്ഷിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് ശുചീകരണ ദൗത്യത്തിലേക്കു കടക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.