ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്ത് വിട്ട് മുഖ്യമന്ത്രി

ചൊവ്വ, 21 ഓഗസ്റ്റ് 2018 (08:43 IST)
പ്രളയത്തെ തുടർന്ന് 20,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. നഷ്ടങ്ങൾ നികത്താനും ദുരിതർക്ക് സഹായമാകാനും മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ട് സർക്കാർ.
 
210 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വന്നിട്ടുള്ളത്. 160 കോടിയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഈ വർഷത്തെ പദ്ധതി അടങ്കൽ 37,248 കോടി രൂപയാണ്. ഇതിൽ നിർമാണ ജോലിക്കായി നീക്കി വച്ചിരിക്കുന്നത് 10,330 കോടിയാണ്. പദ്ധതിക്കായി വകയിരുത്തിയ മുഴുവൻ തുകയും ദുരന്തത്തിൽ നിന്നു കരകയറാനായി ചെലവഴിക്കേണ്ടി വരും. 
 
അല്ലെങ്കിൽ ഒരു വർഷത്തെ വികസനം പൂർണമായും വേണ്ടെന്നു വയ്ക്കണം. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വലിയ ആഘാതമാണ് പ്രളയം ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ നിന്നു കരകയറാൻ കേന്ദ്രത്തിന്റെ സഹായവും പിന്തുണയും വേണം. ചില മേഖലകളിലെ പുനരധിവാസം ഏറ്റെടുക്കാൻ ചില ഏജൻസികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍