‘പ്രളയത്തില്‍ അകപ്പെട്ടുപോയ അവസാനത്തെയാളെ രക്ഷിക്കുംവരെ എല്ലാ സജ്ജീകരണങ്ങളും തുടരും. 3274 ക്യാമ്പുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേര്‍ ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയിട്ടും വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നുണ്ട് പല കുടുംബങ്ങള്‍ക്കും. ചില വീടുകള്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ വാസയോഗ്യമാക്കാനായുള്ള നടപടികള്‍ ധ്രുതഗതിയില്‍ സ്വീകരിക്കാനാണ് തീരുമാനം. അത് പൂര്‍ത്തിയാവുംവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരേണ്ടിവരും. വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കും. വീടുകളിലും ക്യാമ്പുകളിലും ഉള്ളവരുടെ ആരോഗ്യത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കും.’
പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഘോഷങ്ങൾ വേണ്ടെന്ന് വെയ്ക്കാം. പക്ഷേ വിവാഹം പോലുള്ള കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കാൻ ആകില്ല. അതേസമയം, വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക് നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഫണ്ട് സ്വീകരിക്കാന്‍ തെറ്റായ രീതികള്‍ പാടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകും.’ ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വഴി മാത്രമേ സഹായങ്ങള്‍ നല്‍കാന്‍ കഴിയൂ. നേരിട്ട് സഹായം നല്‍കണം എന്നു പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ കഴിയില്ല. ചില സംഘടനകള്‍ അവരുടെ അടയാളങ്ങളോടു കൂടി ക്യാമ്പില്‍ കടക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കാന്‍ കഴിയില്ല, ക്യാമ്പ് ഇപ്പോള്‍ ഒരു വീടാണ്. അത് നശിപ്പിക്കാന്‍ അനുവദിക്കില്ല.