തിരഞ്ഞെടുപ്പ്: പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ശ്രീനു എസ്

ശനി, 21 നവം‌ബര്‍ 2020 (12:37 IST)
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. 
 
ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ പൊതുയോഗവും ജാഥയും നടത്തരുത്. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലോ സമാനമായ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താനോ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കാനോ പാടില്ല. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.
 
ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും താല്‍ക്കാലിക ഓഫീസുകള്‍ സ്ഥാപിക്കരുത്. ഇവ പഞ്ചായത്തില്‍ പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളില്‍ 100 മീറ്റര്‍ പരിധിയിലും പ്രവര്‍ത്തിപ്പിക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍