ഇടതുമുന്നണി തങ്ങളെ ഘടകകക്ഷിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു: ബാലകൃഷ്ണപ്പിള്ള
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (11:11 IST)
നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് (ബി)യെ എല്‍ഡിഎഫ് ഘടകക്ഷിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. തങ്ങളെ എല്‍ഡിഎഫ് ഘടകക്ഷിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ്(ബി)ക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണ്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ല എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇടതുമുന്നണി വിപുലീകരണത്തെക്കുറിച്ച് വീണ്ടും മനസ് തുറന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം അജണ്ടയിൽ ഉള്ള കാര്യം തന്നെയാണ്. എന്നാൽ പുതിയ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ ഇടതുമുന്നണി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിട്ടുപോയ കക്ഷികൾ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണി വിട്ടവര്‍ തിരിച്ചുവരണം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്പ് ആർഎസ്പിയും ജനതാദളും എൽഡിഎഫിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കാനം ബുധനാഴ്‌ച പറഞ്ഞു.