പൊള്ളുന്ന ചൂടിൽ ആശ്വാസമായി വേനൽ മഴ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (14:54 IST)
നാടും നഗരവും ചൂടില്‍ വെന്തുരുകുമ്പോൾ ആശ്വാസമായി വേനൽ മഴ. മനസിനും ശരീരത്തിനും കുളിർമയേകി പലയിടത്തും ഇന്നലെ മഴ പെയ്തു. ഇതോടെ മണ്ണ് ശരിക്കുണാർന്നു. ചൂടിനും കാര്യമായ മാറ്റമുണ്ടായി. മിക്കയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. 
 
കൊച്ചി, വയനാട്, കോഴിക്കോട്, പത്തനം‌തിട്ട എന്നിവടങ്ങളിൽ നല്ല മഴ ലഭിച്ചു. ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
 
ചൂട് കൂടുന്നതോടെ വേനൽ മഴ പതിവാണെങ്കിലും കാറ്റിന്റെ ഗതി അനുകൂലമല്ലാത്തതാണ് വേനൽ മഴ വ്യാപകമായി ലഭിക്കാതിരിക്കാൻ കാരണമാകുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 57% മഴ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 37 ഡിഗ്രി ശരാശരി ചൂടിലാണ് കേരളം ഇപ്പോഴുള്ളത്.
 
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാശരി 22.4 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 9.6 മില്ലിമീറ്റർ മാത്രമാണ്. കഴിഞ്ഞ തവണ 13.1 മിലീമീറ്റർ മഴ പെയ്തിരുന്നു. ഇത്തവണ ഇതുവരെയുള്ള കണക്കുകളെടുത്താൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവടങ്ങളിൽ മഴ ലഭിച്ചതും ഇല്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article