ബജറ്റ് ചോര്‍ച്ച: ധനമന്ത്രി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി, സർക്കാർ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം

തിങ്കള്‍, 6 മാര്‍ച്ച് 2017 (12:07 IST)
ബജറ്റ് ചോർച്ച ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ. ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം ബജറ്റ് ചോർന്നിട്ടില്ലെന്നും ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.   
 
ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. ബജറ്റുമായി ബന്ധപ്പെട്ട ഒരു രേഖകളും പുറത്തു പോയിട്ടില്ലെന്നും ബജറ്റ് ദിനത്തിൽ കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധക്കുറവ് മാത്രമാണെന്നുമാണ് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.     
 
ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഒരു തരത്തിലും കുറ്റക്കാരനല്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി  പറഞ്ഞു. അതേസമയം, സർക്കാർ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയം നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക