ഇഡിയെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രന്‍

ശ്രീനു എസ്

വ്യാഴം, 5 നവം‌ബര്‍ 2020 (15:57 IST)
ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോഗിച്ച് ദേശീയ അന്വേഷണ ഏജന്‍സികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 
 
വാളയാറിലെ ഉള്‍പ്പെടെ നീതി നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇടപെടാത്ത ബാലാവകാശ കമ്മീഷന്‍ കൊടിയേരിയുടെ വീട്ടില്‍ നടന്ന നിര്‍ണായക റെയിഡ് മുടക്കാന്‍ പറന്നെത്തിയത് അപഹാസ്യമാണ്. കോഴിക്കോട് ഇന്നും ആറുവയസുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായ അതിക്രമങ്ങളാണുണ്ടാകുന്നത്. ഇതിലൊന്നും പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയപ്പോള്‍ നടക്കുന്ന അന്വേഷണം തടസപ്പെടുത്താന്‍ ഓടിയെത്തിയത് പ്രതിഷേധാര്‍ഹമാണ്. 
 
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്യുകയാണ്. ബിനീഷ് കൊടിയേരിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം നിലപാട് അവരുടെ അണികള്‍ക്ക് പോലും അംഗീകരിക്കാനാവില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍