എ ടി എമ്മുകളിൽ നിന്നും പണം ലഭിച്ചില്ലെങ്കിലും സർവീസ് ചാർജ് ഈടാക്കി ബാങ്കുകൾ; അക്കൗണ്ടിൽ ഉള്ളത് കൂടി തീർന്നുകിട്ടും

ബുധന്‍, 11 ജനുവരി 2017 (08:17 IST)
നോട്ട് നിരോധനത്തിന്റെ ദുരുതങ്ങൾ അവസാനിക്കാത്ത ഈ സമയത്തും ജനങ്ങളെ ഇരുട്ടിലാക്കി സംസ്ഥാനത്തെ എല്ലാ എ ടി എമ്മുകളും സർവീസ് ചാർജ് ഈടാക്കി തുട‌ങ്ങി. സർവീസ് ചാർജ് മടക്കിക്കൊണ്ടുവരാനുള്ള ബാങ്കുകളുടെ തീരുമാനം ജനങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ‌ അഞ്ചും വീതം എ ടി എം ഇടപാടുകളാണ് ഓരോ മാസവും സൗജന്യമായി അനുവദിച്ചിട്ടുള്ളത്. അതു കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ വീതമാണു സർവീസ് ചാർജ്. പണമില്ലാത്ത എ ടി എമ്മുകളിൽ പണം പിൻവലിക്കാൻ ശ്രമിച്ചാലും ഇടപാടായി കണക്കാക്കും.
 
നോട്ട് നിരോധനത്തിനുശേഷം സംസ്ഥാനത്തെ പകുതിയില്‍ അധികം എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയിലും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി കൊളള തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സെക്രൂരിറ്റി ഇല്ലാത്ത എ ടി എമ്മുകൾ നിരവധിയാണ്. എ ടി എമ്മിൽ പണമുണ്ടോ എന്ന് നോക്കണമെങ്കിൽ കാർഡ് ഇടണം, പണമില്ലെങ്കിൽ അക്കൗണ്ടിൽ നിന്നും 23 രൂപ പോയിക്കിട്ടും. ബാലൻസ് നോക്കിയാലും ഇതു തന്നെ അവസ്ഥ. വിഷയം പ്രതിഷേധത്തിന് വഴിതെളിയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
 
അതോടൊപ്പം, നോട്ടുക്ഷാമം തുടരുന്നതിനാൽ സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോഴും 2,000 രൂപ മാത്രമാണുള്ളത്. രണ്ടായിരത്തിൽ താഴെയുള്ള നോട്ട് ലഭ്യമാണോ എന്നറിയാൻ ഒന്നിലേറെ തവണ ശ്രമിക്കേണ്ടി വരും. ഒരു ദിവസത്തെ പരമാവധി തുകയുടെ പരിധി 4,500 രൂപയും ഒരാഴ്ച 25,000 രൂപയുമായിരിക്കെ ഒരു മാസത്തിനിടെ എ ടി എമ്മുകളെ ഒട്ടേറെ തവണ ആശ്രയിക്കാതെ നിവൃത്തിയില്ല. ഇടപാടുകാർ ഇന്നലെ പരാതി പറഞ്ഞപ്പോഴാണു സർവീസ് ചാർജ് പുനഃസ്ഥാപിച്ച കാര്യം ബാങ്ക് ഉദ്യോഗസ്ഥരും അറിയുന്നത്.
 
ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു. എന്നാൽ, സ്റ്റേറ്റ് ബാങ്കുകൾ ഇളവു തുടർന്നത് ഇടപാടുകാർ‌ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ ആ ഒരു ആശ്വാസമാണിപ്പോൾ തകർന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക