ജോര്‍ജ് വിജയം മുന്‍കൂട്ടി കണ്ടിരുന്നു; ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തി, പ്രകടനവും സമ്മേളനവും നടത്താനുള്ള സമയവിവരങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നു
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ പിന്തള്ളി പുഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചു കയറി ചരിത്രമെഴുതിയപ്പോള്‍ ഞെട്ടിയത് കേരള രാഷ്‌ട്രീയമാണ്. എന്നാല്‍ ജയം ജോര്‍ജ് നേരത്തെ തന്നെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തുകയും ചെയ്തു. ഇന്നത്തെ പ്രകടനം, സമ്മേളനം എന്നിയുടെ സമയവിവരങ്ങളും ജോര്‍ജ് നേരത്തെ നിശ്ചയിച്ചു. അത്ര ഉറപ്പും കരുത്തുമായിരുന്നു ജോര്‍ജിന്. ഓരോ ബൂത്തിലെയും വോട്ടുനിലയും നീക്കവും കൃത്യമായി വിലയിരുത്തി ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചും വ്യക്തമായ കണക്ക് ജോര്‍ജ് ഉണ്ടാക്കിയിരുന്നു.
ആദ്യഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ തന്നെ ജയം ഉറപ്പാണെന്ന് ജോര്‍ജ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എവിടെ നിന്നൊക്കെ വോട്ട് കൂടുതല്‍ ലഭിക്കുമെന്നും ആഞ്ഞു പിടിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ജോര്‍ജിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു. കൂടാതെ വലതു ഇടതു മുന്നണികളില്‍ ഇടം കിട്ടാതെ പക്ക സ്വതന്ത്രനായി ജനമധ്യത്തിലിറങ്ങിയ ജോര്‍ജിന് പൂഞ്ഞാറിലെ എട്ടു പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ലീഡ് ലഭിക്കുകയും ചെയ്‌തതോടെ വമ്പന്‍ ജയം സ്വന്തമാകുകയായിരുന്നു.
മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മുഴുവന്‍ സ്വന്തം പേരിലാക്കാന്‍ ജോര്‍ജിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ജനസമതിയാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചല്ല അദ്ദേഹം മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ അദ്ദേഹം നടത്തിവന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പിസിക്ക് വോട്ടായത്.
പൂഞ്ഞാറിന്റെ നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും ജോര്‍ജിനെ അകമഴിഞ്ഞു സഹായിച്ചു.
മിക്കയിടത്തും സ്‌ത്രീകളും ചെറുപ്പക്കാരും ജോര്‍ജിനെ സഹായിച്ചു. സാധാരണക്കാരനെന്ന ലേബലിനൊപ്പം എന്തിനും ഏതിനും സഹായിക്കുകയും വിളിച്ചാല്‍ ഓടിയെത്തുന്ന രീതിയും പിസിക്ക് സഹായകമായി. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി തീര്‍ന്നു. യുവാക്കളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ ഇടപെട്ട് സഹായിക്കുന്നതും അദ്ദേഹത്തിന് നേട്ടമായി.