തെരഞ്ഞെടുപ്പിന്റെ ആദ്യസമയങ്ങളില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ആണയിട്ട് പറഞ്ഞ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ സംസ്ഥാനത്ത് ആദ്യമായി ബി ജെ പിക്ക് അക്കൌണ്ട് തുറന്നു. പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാജഗോപാല്‍ രാജകീയമായി ബി ജെ പിക്ക് കേരള നിയമസഭയില്‍ ഇരിപ്പിടം കണ്ടെത്തിയത്.
സിറ്റിങ് എം എല്‍ എ ആയ വി ശിവന്‍കുട്ടി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തും യു ഡി എഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തുമാണ്. മത്സരരംഗത്തു നിന്ന് രാജഗോപാല്‍ പിന്മാറുന്നത് ഗുണം ചെയ്യില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വവും ആര്‍ എസ് എസും വിലയിരുത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അവസാനനിമിഷം ആയിരുന്നു രാജഗോപാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോട് പരാജയപ്പെട്ടത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും മൂന്നാമത് എത്താന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും നേമത്തു നിന്ന് തന്നെയായിരുന്നു രാജഗോപാല്‍ മത്സരിച്ചിരുന്നത്. അന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടിയോട് ആയിരുന്നു അന്ന് പരാജയപ്പെട്ടത്. 2012ല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അന്ന് മൂന്നാമത് എത്താനായിരുന്നു ജനവിധി.