കതിരൂര്‍ മനോജ് വധം: പി ജയരാജനെ അറസ്റ്റ് ചെയ്തേക്കും

ശനി, 11 ജൂലൈ 2015 (11:32 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ സി ബി ഐ അറസ്റ്റ് ചെയ്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 
 
അതേസമയം, കേസില്‍ ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ജയരാജനെ അറസ്റ്റ് ചെയ്യാന്‍ സി ബി ഐ ആലോചിക്കുന്നത്.
 
പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. അതിനാല്‍, രാഷ്‌ട്രീയവൈരാഗ്യം മൂലമാണ് മനോജിനെ വധിച്ചതെന്നാണ് സി ബി ഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് കേസില്‍ പിടിയിലായ പ്രതികളില്‍ ചിലര്‍ സി ബി ഐക്ക് മൊഴി നല്കിയിരുന്നു.
 
ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം ജയരാജനെ സി ബി ഐ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെ കഴിഞ്ഞദിവസം നാലു സി പി എം പ്രവര്‍ത്തകരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക