നിയമസഭാ തെരഞ്ഞെടുപ്പിന് ഇരട്ട വോട്ട് തടയാന്‍ കാസര്‍ഗോഡ് കര്‍ശന നടപടി

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (13:22 IST)
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്റ്റേഷുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയ വോട്ടര്‍മാരുടെയും എ.എസ്.ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് തയ്യാറാക്കി റിട്ടേണിങ് ഓഫീസര്‍മാര്‍ മുഖേന തുടര്‍നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതാണ്. 
 
എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയാല്‍ അവരുടെ ഫോട്ടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 31 പ്രകാരമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.
ജില്ലയില്‍ എ.എസ്.ഡി ലിസ്റ്റില്‍ 13709 പേരാണുള്ളത്. മഞ്ചേശ്വരം 1856, കാസര്‍കോട് 2607, ഉദുമ 2361, കാഞ്ഞങ്ങാട് 3987, തൃക്കരിപ്പൂര്‍ 2898 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ച് എ.എസ്.ഡി ലിസ്റ്റിലുള്ളവര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article