Karkidaka Vavu: കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. പുണ്യമാസം, പഞ്ഞമാസം, രാമായണമാസം എന്നെല്ലാം അറിയപ്പെടുന്ന കര്‍ക്കടക മാസത്തെ ഹൈന്ദവ വിശ്വാസികള്‍ വലിയ ഭക്തിയോടെയാണ് കാണുന്നത്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 വ്യാഴാഴ്ചയാണ് കര്‍ക്കടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി.